"24 ന് രാവിലെ 9 മണിക്കാണ് ഫ്ലൈറ്റ്. അത്രയും രാവിലെ ഇവിടുന്ന് പോയാലും രാത്രിയെ നമ്മൾ ബാംഗ്ലൂർ എത്തുകയുള്ളൂ. Lucknow കണക്ഷൻ ഫ്ലൈറ്റ് അല്ലേ, പിന്നെ ബാംഗ്ലൂരിൽനിന്നും ബസ്സ് കിട്ടി നാട്ടിൽ എത്തുമ്പോഴക്കും നമ്മൾ വിശന്ന് ചാകും എയർപോർട്ട് ഫുഡ് ഒന്നും നമ്മടെ ബഡ്ജറ്റിൽ ഒപ്പിക്കാൻ പറ്റില്ല. അതുകൊണ്ട് 23 ന് വൈകിട്ട് ടൗണിൽ പോണം കുറച്ച് ബിസ്ക്കറ്റ് ബ്രഡ് ഒക്കെ വാങ്ങാം "
നേരത്തെ തീരുമാനിച്ചത് അനുസരിച്ച് ഞങ്ങൾ 4 പേരും വൈകുന്നേരം ടൗണിലേക്ക് ഇറങ്ങി. എന്നത്തേയും പോലെ റോഡിൽ നിറയെ വണ്ടികൾ അധികവും ഇരുചക്രവാഹനങ്ങളും ഓട്ടോറി്ഷകളും. മരണകിണറിലെ അഭ്യാസികളെപ്പോലെ വണ്ടി ഓടിച്ചു പോകുന്നവർക്കിടയിൽ നടക്കാൻ ഇടയില്ലാത്തവിധം നടപ്പാതകളിൽ ചായക്കടകളും കുൽഫി കടകളും അതിനു മുന്നിൽ വട്ടം കൂടിയിരുന്ന സംസാരിക്കുന്നവർ മൂലകളിൽ മാറി ഇരുന്ന് പുകവലിക്കുന്നവർ അസഹ്യമായ ചൂടിനിയടിലും കോഫി ആസ്വദിക്കുന്നവർ. അവിടിവിടെ ആയി പരിചയക്കാരായ ചില മലയാളികൾ, ആരെയും ഗൗനിക്കാതെ ഞങ്ങൾ നടന്നു.
എല്ലാം പതിവുപോലെ. പക്ഷേ പതിവില്ലാതെ എന്തോ ഒന്ന് എൻ്റെ ഉള്ളിൽ തിങ്ങിനിറയുന്നുണ്ടയിരുന്നു. 4 വർഷത്തെ BSc പഠനത്തിനുശേഷം നാളെ ഈ നഗരത്തിനോടെ എന്നന്നേക്കുമായി വിടപറയുന്നതിൻ്റെ കനമാണ് മനസ്സിൽ കുടുങ്ങിയിരിക്കുന്നത് എന്ന് അൽപ്പസമയതിനുള്ളിൽ തന്നെ വെളിപ്പെട്ടുകിട്ടി. പക്ഷേ വന്ന അന്നുമുതൽ തിരിചുപോകൻ കാത്തിരുന്ന എന്തിന് ഇപ്പോൾ ഇങ്ങനെ ഒരു വിഷമം. 3 സുഹൃത്തുക്കൾ ഒഴിച്ചാൽ ആരുമായും വലിയ ആത്മബന്ധമില്ല,മറക്കാനാവാത്ത അനുഭവങ്ങൾ ഇല്ല, പിന്നെന്തിന്?
ഞങ്ങൾ നടന്നു ടൗണിൽ എത്തി. അത്ര വലിയ ആഡംബരങ്ങൾ ഒന്നുമില്ലാത്ത തെരുവ്. നിറയെ പഴപച്ചക്കറി കടകൾ ചെറിയ പലചരക്ക് കടകൾ സ്റ്റേഷനറി കടകൾ ചെറിയ പേസ്ട്രി ഷോപ്പുകൾ വിലകൂടിയ മേൽത്തരം സാധനങ്ങൾ മാത്രം വിൽക്കുന്ന ഒന്നോ രണ്ടോ കടകൾ ഒക്കെ ചേർന്നതാണ് ആ തെരുവ്. എല്ലാത്തിനും പുറമേ കുരിശാകൃതിയിൽ പിരിഞ്ഞ് പോകുന്ന റോഡുകളിൽ ഒന്നിൻ്റെ സൈഡിലായി,ടൗണിൻ്റെ ഏകദേശം നടുവിൽ,ഓടവെള്ളം ഒഴുകുന്ന ചാലിൻ്റെ അരുകിൽ പഴയ സാരികളും ടാർപായകളും ഒക്കെ കെട്ടിമറച്ച് ഉണ്ടാക്കിയെടുത്ത ഒരു ചേരി. അതിനുള്ളിൽ ടെൻ്റ് പോലെ ചിലത് കെട്ടി ഉണ്ടാക്കിയിട്ടുണ്ട്.
ഞാനും എൻ്റെ അത്മമിത്രവും ( അത്മമിത്രമെന്ന് പറഞ്ഞാൽ വെറുതെയല്ല 13 വർഷത്തെ പരിചയം. ഒരുപക്ഷേ വീട്ടുകാരുടെ ഒപ്പം ഉള്ളുതപോലെ ചിലപ്പോൾ അതിലധികമോ സമയം ഞങ്ങൾ ഒരുമിച്ച് ചിലവഴിച്ച് കഴിഞ്ഞു) അത്യാവശ്യത്തിന് വേണ്ടുന്ന സാധനങ്ങൾ, എറ്റവും പിശുക്കികൊണ്ട് എന്ന് തന്നെ പറയാം വാങ്ങി ചേരിക്ക് എതിർവശം മറ്റു രണ്ട് സുഹൃത്തുക്കളെ കാത്തു നിൽക്കുകയാണ് .
സമയം വൈകിട്ട് 5.30 കഴിഞ്ഞെങ്കിലും വെയിൽ മങ്ങിവരുന്നതെയുള്ളു ചൂടോ അധികഠിനം. 13 വർഷകാലം ഒരുമിച്ച് താണ്ടിയത്തുകൊണ്ടാവം ഞങ്ങളുടെ ജീവിതശലിക്കും ഒരുപാട് സാമ്യങ്ങൾ വന്നുചേർന്നതായി പലപ്പോഴും എനിക്ക് തോന്നാറുണ്ട്. ഞങ്ങൾ രണ്ട് പേരും ചേരിയെ നിരിക്ഷിച്ചുകൊണ്ടും അതിലെ ജീവിതത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടും നിന്നു.
സാരികൊണ്ട് മറച്ചതിൻ്റെ ചെറിയ വിടവിലൂടെ ഒരു അടുപ്പ് എരിയുന്നത് കാണാം, ഇടയ്ക്ക് എൻ്റെ പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടി വളരെ താൽപര്യത്തോടെ അത് ഊതി കത്തിക്കുന്നുണ്ട്. ഒരുപക്ഷേ അന്നത്തെ അത്താഴത്തിന് നാലോ അഞ്ചോ പേർക്ക് വേണ്ടതായിരിക്കാം ആ ഇത്തിരിപ്പോന്ന കലത്തിൽ പാകമയികൊണ്ടിരിക്കുന്നത്. അപ്പോഴാണ് ഒരു കുഞ്ഞിനെയും തോളിലിട്ട് പുറത്തേക്ക് ഇറങ്ങിയ ഒരു ചെറുപ്പക്കാരനെ ഞാൻ കണ്ടത്. " എടീ ആ കുഞ്ഞിനെ ഒന്ന് നോക്ക് " എന്നൊരു അന്ധാളിപ്പ് ഞാൻ അറിയാതെ തന്നെ പുറത്ത് കടന്നു. ആ കുഞ്ഞിൻ്റെ ശുഷ്കിച്ച് തളർന്നതുപോലെ ഉള്ള കൈകാലുകളും സാധാരണയിലും അധികം വലിപ്പമുള്ള വയറും ചത്ത മീനിൻ്റെ പോലുള്ള കണ്ണുകളും എന്നെ ആക്രമിക്കാൻ തുടങ്ങി. എന്തിന് ദൈവമേ ഈ പാവങ്ങളോട് ഇങ്ങനെ ചെയ്തു എന്നുള്ള ദേഷ്യം ആണോ ഒരു കുറവുകളും ഇല്ലാതെ എന്നെ സൃഷ്ടിച്ചതിലുള്ള നന്ദിയാണോ അതോ ജീവിക്കാനുള്ള എല്ലാം ഉണ്ടായിട്ടും ഒന്നും തികയുന്നില്ല എന്ന എൻ്റെ ദൈവനിന്ദയാണോ അപ്പോൾ എന്നെ വേട്ടയാടിയത് എന്ന് എനിക്ക് അറിയില്ല.
അങ്ങനെ എന്തൊക്കെയോ ചിന്തയിൽ നിൽക്കുമ്പോഴാണ് "ദീദീ" എന്നൊരു വിളി കേട്ടത്. അവൾ ആ ചേരിയിലെ ഒരു കുട്ടിയാണ്. ഞങ്ങൾ രണ്ടും അവിടെ നിൽക്കുന്നത് കണ്ട് ഓടി വന്നതാണ് എന്തെങ്കിലും കിട്ടുമോ എന്നറിയാൻ. പൈസ കൊടുക്കണോ എന്തെങ്കിലും വാങ്ങി കൊടുക്കണോ എന്ന ആലോചിച്ചിട്ട് അത് രണ്ടും ചെയ്യാതെ യാന്ത്രികമെന്നോണം ഞങ്ങൾ വാങ്ങി വച്ചിരുന്ന രണ്ട് ബിസ്കറ്റ് പാക്കറ്റുകൾ അവൾക്ക് കൊടുത്തു. അത് കയ്യിൽ കിട്ടിയതും ചേരിക്കുള്ളിലേക്ക് അവൾ ഓടിമറഞ്ഞു.
പെട്ടെന്ന് എന്തോ ബോധോദയം ഉണ്ടായപോലെ ഞാൻ എൻ്റെ ഫോൺ പോക്കറ്റിൽ തന്നെ ഉണ്ടോ എന്ന് തപ്പി നോക്കി."പുറത്തു പോകുമ്പോൾ ചേരിയിലെ പിള്ളേരെ സൂക്ഷിക്കണം അവർ ചിലപ്പോൾ ഫോണും ബാഗും ഒക്കെ അടിച്ചോണ്ട് പോകും" എന്ന സീനിയേഴ്സ്ൻ്റെ ഉപദേശമാണ് 4 വർഷക്കാലം ആ ചേരിക്കരികിലൂടെ പോയപ്പൊഴൊക്കെ അവരുടെ നിസ്സഹായതയെയും ദയനീയതയെയുംകാൾ എൻ്റെ മനസ്സിനെ ഭരിച്ചിരുന്നത് എന്ന് എനിക്കപ്പോൾ തോന്നി.
മുമ്പൊരിക്കൽ മറ്റൊരു ടൗണിൽ ബദാം ഷേക്ക്നു വിലയ്ക്കൊത്ത രുചി ഇല്ലെന്ന് പരാതിപെട്ടുകൊണ്ട് 70 രൂപ നഷ്ടപ്പെടുത്തിയത് ഓർത്തു നിന്ന ഞങ്ങളുടെ അടുത്തേക്ക് ഞങ്ങൾ കുടിച്ചതിൻ്റെ ബാക്കി ആവശ്യപ്പെട്ടുകൊണ്ട് ഓടി വന്ന ചെറിയ കുട്ടികളുടെ അടുത്തുനിന്ന് ഞാൻ അക്ഷരാർത്ഥത്തിൽ ഓടി രക്ഷപെടുകയായിരുന്നു. അവരുടെ വിശപ്പിനെക്കാൾ ഞാൻ അന്നു അവരുടെ കണ്ണുകളിൽ കണ്ടത് എൻ്റെ ബാഗും ഫോണും തട്ടിപറിക്കാൻ വന്ന തോന്നിവാസി പിള്ളേരെ ആയിരുന്നു. ഞാൻ എൻ്റേത് എന്ന സ്വാർത്ഥചിന്ത മനുഷ്യനെ എത്രമാത്രം അന്ധനും അവിവേകിയും ആക്കി തീർക്കുന്നു എന്ന സത്യം ഞാൻ എൻ്റെ തന്നെ ജീവിതത്തിൽനിന്ന് പഠിക്കുകയായിരുന്നു.
അൽപ്പനേരംകൂടെ അവിടെ നിന്നപ്പോഴേക്കും മറ്റു രണ്ട് സുഹൃത്തുക്കളും സാധനങ്ങൾ വാങ്ങി എത്തി. ഞങ്ങൾ മടങ്ങാൻ നില്ക്കുമ്പോൾ നേരത്തെ ബിസ്കറ്റ് വാങ്ങി ചേരിയിലേക്ക് കയറിപോയവൾ ഒരു സംഘം കുട്ടികളുമായി വന്ന ഞങ്ങളെ ചൂണ്ടി കാണിക്കുന്നത് ഞാൻ കണ്ടൂ. ആ ചേച്ചിയാണ് എനിക്ക് ബിസ്കറ്റ് തന്നത് നിങ്ങളും വേണേൽ പോയി വാങ്ങിക്കോ എന്നാണോ അവള് അവരോട് പറയുന്നത് എന്ന് ഒരു നിമിഷം ഞാൻ ഭയപെട്ടു. എത്രപെട്ടന്നാണ് എൻ്റെ ചിന്തകളുടെ നിറം മാറുന്നത് എന്നോർത്തപ്പോൾ ഒരേ സമയം എനിക്ക് എന്നോട് തന്നെ ലജ്ജയും അത്ഭുതവും തോന്നി. പിന്നീടാണ് ആ കുട്ടികളുടെയെല്ലാം കയ്യിൽ ഓരോ ബിസ്കറ്റ് ഉള്ളതായി ഞാൻ ശ്രദ്ധിക്കുന്നത്. ഇല്ലായ്മയുടെ ഇടയിലും കേവലം 20 ബിസ്കറ്റ് അവർക്കെല്ലാം വീതിച്ചു കൊടുത്ത അവൾ പങ്കുവയ്ക്കലിൻ്റെ വലിയ ഒരു പാഠമാണ് എനിക്ക് നൽകിയത്. ഞാൻ ഭയപെട്ടത്തിന് നേരെ വിപരീതമായി എല്ലാവരും ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തിട്ട് ഓടിമറഞ്ഞു.
ഓടിപോകുന്ന അവരുടെ ഒരു ചിത്രം ഫോണിൽ പകർത്തിയ ശേഷം ഞങ്ങൾ ആ ചേരിക്കരികിൽ തന്നെയുള്ള ഒരു പഴക്കടയിലേക്ക് നടന്നു. പഴങ്ങൾ നിരത്തിവച്ച ഉന്തുവണ്ടിയുടെ പിറകിൽനിന്ന് ദീദീ എന്ന് വിളിച്ചുകൊണ്ട് അവൾ വീണ്ടും പ്രത്യക്ഷയായി. മുഖത്ത് നിറഞ്ഞ പുഞ്ചിരിയും കയ്യിൽ നേരത്തെ കണ്ട കുഞ്ഞുമുണ്ട്. അവള് അവനെ ഞങ്ങൾക്ക് കാണിച്ച് തന്നുകൊണ്ട് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. അവളുടെ ചേട്ടൻ എന്ന് തോന്നിക്കുന്ന ഒരാൾ വന്ന് അവളെ ചേരിക്കുള്ളിലേക്ക് ഓടിക്കുന്നതുവരെ ഞാൻ അവളുടെ ചിരിയും സന്തോഷവും നന്നേ ആസ്വദിച്ചു. നിസ്സാര കാര്യങ്ങളിൽ എനിക്ക് ഉണ്ടായിരുന്ന എല്ലാ ആകുലതകൾക്കും കടുത്ത മങ്ങലേൽപ്പിക്കാൻ മാത്രം നിറമുള്ളതയിരുന്നു അവളുടെ പുഞ്ചിരി. കേവലം 2 ബിസ്കറ്റ് പായ്ക്കറ്റ് നൽകിയതുകൊണ്ട് മാത്രം ഞങ്ങളോട് സ്നേഹവും അടുപ്പവും കാണിച്ച ആ നിഷ്കളങ്ക ബാല്യം എത്രയോപേരുടെ മുന്നിൽ കൈനീട്ടിക്കാണും .
തിരിച്ച് റൂമിലേക്ക് നടക്കുമ്പോൾ വഴിയരികിലെ കോഫി ഷോപ്പിൽ, ഫ്രൂട്ട് ജ്യൂസ് കടയിൽ, പച്ചകറി കടയിൽ, സ്‌റ്റേഷനറി കടയിൽ അങ്ങനെ പലയിടത്തും കഴിഞ്ഞ 4 വർഷക്കാലത്തെ എന്നെ ഞാൻ കണ്ടൂ പക്ഷേ മുൻപ് ഒരിക്കൽ പോലും ആ നിഷ്കളങ്ക ബാല്യങ്ങളുടെ സ്നേഹവും സന്തോഷവും ഏറ്റുവാങ്ങിയ എന്നെ ഞാൻ അവിടെ ഇവിടെയും കണ്ടില്ല. സ്വാർഥതയ്ക്കും തിരക്കുകൾക്കുമിടയിൽ എനിക്ക് ലഭിക്കേണ്ടിയിരുന്ന ആ ചെറുപുഞ്ചിരി സമ്മാനങ്ങൾ ഞാൻ സൗകര്യപൂർവം നഷ്ടപ്പെടുത്തി.
May 24 nu രാവിലെ 4 വർഷം എൻ്റെ ജീവിതത്തിൻ്റെ ഭാഗമായിരുന്ന എല്ലാത്തിനോടും എല്ലാവരോടും യാത്രപറഞ്ഞ് ഇറങ്ങുമ്പോൾ ഉത്തർ പ്രദേശ് ഓർമകളിൽ എറ്റവും മൂല്യമുള്ളതായി എൻ്റെ മനസ്സിൽ സ്ഥാനം പിടിച്ചിരുന്നത് അവളുടെ നിറഞ്ഞ പുഞ്ചിരിയാണ്.